26/08/2026
വിശ്വാസത്തേക്കാൾ പ്രധാനം വിദ്യാഭ്യാസം: രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി ജഡ്ജി
മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലുള്ള ഒരു വിദ്യാലയത്തിലെ ചടങ്ങില്‍ സംസാരിക്കവെയാണ്, സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന ദയനീയ സ്ഥിതി ചൂണ്ടിക്കാട്ടി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രസന്ന ബി. വരാലെ വിമര്‍ശനം ഉന്നയിച്ചത്. വരാനിരിക്കുന്ന നാസിക് കുംഭമേളയ്ക്കായി 32,000 കോടി മുതല്‍ 34,000 കോടി രൂപ വരെയും അടിസ്ഥാന സൗകര്യ വികസന പാതകള്‍ക്കായി 11,000 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വികസന പദ്ധതികള്‍ക്കായി പണം ചെലവഴിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ അടിസ്ഥാന ആവശ്യങ്ങള്‍ മറന്നുകൊണ്ടുള്ള മുന്‍ഗണനകള്‍ തിരുത്തപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുംഭമേളയ്ക്ക് നീക്കിവെച്ച ഭീമമായ തുകയുടെ വെറും 0.1 ശതമാനം—അതായത് ഏകദേശം 32 കോടി രൂപ—മാത്രം അനുവദിച്ചിരുന്നെങ്കില്‍ മഹാരാഷ്ട്രയിലുടനീളം അടച്ചുപൂട്ടേണ്ടി വന്ന നൂറിലധികം മറാഠി മീഡിയം സ്കൂളുകളെ സംരക്ഷിക്കാമായിരുന്നു എന്ന് ജസ്റ്റിസ് വരാലെ ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൗകര്യങ്ങളുടെ അഭാവം മൂലം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതും ഇതിനോടകം പൂട്ടിപ്പോയതുമായ 100 നും 125 നും ഇടയിലുള്ള വിദ്യാലയങ്ങളുടെ യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നടിക്കല്‍. വലിയ തുകകള്‍ വാര്‍ഷിക പരിപാടികള്‍ക്കായി വകയിരുത്തുമ്പോള്‍, പാവപ്പെട്ട കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്ന വിദ്യാലയങ്ങള്‍ക്ക് ഫണ്ട് നിഷേധിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല, രാജ്യത്ത് കാലക്രമേണ വിദ്യാഭ്യാസ ബജറ്റില്‍ വരുന്ന വലിയ വെട്ടിക്കുറവുകളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവരുമ്പോൾ ആനുപാതികമായി വിദ്യാഭ്യാസ ബജറ്റ് ഉയരുന്നതിന് പകരം മുൻവർഷങ്ങളെ അപേക്ഷിച്ച് വിഹിതം കുറയുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സമീപകാലത്ത് ഗഡ്ചിറോളിയിലെ ഒരു റെസിഡൻഷ്യൽ ആശ്രമ സ്കൂളിൽ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതിനെ തുടർന്ന് നിലത്ത് ഉറങ്ങേണ്ടി വന്ന മൂന്ന് പെൺകുട്ടികൾ പാമ്പുകടിയേറ്റ് മരിച്ച ദാരുണ സംഭവവും അദ്ദേഹം പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
സ്വന്തം പ്രാഥമിക-സെക്കൻഡറി വിദ്യാഭ്യാസം മറാഠി മീഡിയം സ്കൂളുകളിൽ പൂർത്തിയാക്കിയ വ്യക്തിയാണ് താനെന്നും പ്രാദേശിക ഭാഷാ വിദ്യാലയങ്ങളിലെ പഠനം തന്റെ മുന്നേറ്റത്തിന് തടസ്സമായിട്ടില്ലെന്നും ജസ്റ്റിസ് വരാലെ ചൂണ്ടിക്കാട്ടി. എന്നാൽ, സൗകര്യങ്ങളുടെ അഭാവം മൂലം സാധാരണക്കാരായ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ അവകാശം ഇല്ലാതാകുന്നത് ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല. വികസന പദ്ധതികളുടെ തിളക്കത്തിൽ സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യങ്ങളായ വിദ്യാഭ്യാസവും ആരോഗ്യവും സർക്കാർ മറക്കരുതെന്ന ശക്തമായ സന്ദേശമാണ് അദ്ദേഹത്തിന്റെ വാക്കുകൾ മുന്നോട്ട് വെക്കുന്നത്.